ഗവേഷണ വൈദഗ്യത്തിന്റെ ആധുനിക ലോകം പിറവിയെടുക്കുന്നതിനും ആയിരം പതിറ്റാണ്ടുകൾക്ക് മുന്നേ, നാടോടികളും തദ്ദേശിയരും രാജാക്കന്മാരും പ്രജകളും പാവപ്പെട്ടവനും സമ്പന്നനും ഒരു പോലെ അടുക്കളയിൽ കരുതിയിരുന്ന നിധിയാണ് ‘തേൻ’. പൂർവ്വകാല സാഹിത്യങ്ങളും ചരിത്ര രേഖകളും ഇതിനെ ശരി വെക്കുന്നുണ്ട്. പ്രതിരോധശേഷി വർധിക്കുവാനായും, രോഗചികിത്സക്കായും, നാവിന് മധുരമായും തേൻ ഉപയോഗപ്പെട്ട് കൊണ്ടിരിക്കുന്നു. വേദ ഗ്രന്ഥങ്ങളിൽ പോലും പരാമർശിക്കപ്പെട്ട തേനിന്റെ ദിവ്യാത്ഭുതങ്ങളുടെ പിറകെയാണ് ഇന്നും ശാസ്ത്രലോകം.
തേനിൽ അടങ്ങിയിട്ടുള്ള ഫൈറ്റോന്യൂട്രിയെന്റുകൾ (phytonutrients) അതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്കും അതുപോലെ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ശക്തികൾക്കും കാരണമാകുന്നു. ഇത് മനുഷ്യ ശരീരത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതായും ആന്റി-കാൻസർ ഘടകങ്ങൾ നിർമ്മിക്കുന്നതായും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അമിതമായി പ്രോസസ് ചെയ്യപ്പെടുന്ന തേനുകളിൽ നിന്ന് ഈ ഗുണങ്ങൾ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ് (തേനിനെ ആവിയിൽ ചൂട് ആക്കി അതിലെ വെള്ളത്തിന്റെ അംശം കളയുന്ന ഒരു രീതി ആണ് പ്രോസസ്സിംഗ്).
ശേഖരിക്കപ്പെടുന്ന സ്ഥലത്തിന്റെയും പൂവിന്റെയും കായകളുടെയും വൈവിധ്യമനുസരിച്ച് തേനിനെ പല വർണ്ണങ്ങളിലും, രുചികളിലും, കട്ടിയിലും കാണുവാൻ സാധിക്കും. പരിശുദ്ധ ഖുർആനിൽ തേനീച്ചയെ പറ്റി പറയുന്ന അധ്യായത്തിൽ ഇത് പറഞ്ഞു വെക്കുന്നുണ്ട്.
പലപ്പോഴും നമ്മുടെ ഇടയിലേക്ക് വരാത്ത ചർച്ചകളിൽ ഒന്നാണ് തേനിന്റെ ഔഷധ മേന്മ. പണ്ട് കാലങ്ങളിൽ പ്രായം ചെന്നവർ നാവിന് രുചിക്കാൻ ഇഷ്ടമില്ലാത്ത ആന്റി ബയോട്ടിക്ക് ഗുളികകൾ തിന്നുമ്പോഴും, മറ്റ് കൈപ്പുള്ള മരുന്നുകൾ കഴിക്കുമ്പോഴും തേനിലിട്ട് തരാറുണ്ട്. ഇത് കേവലം രുചി വ്യത്യാസത്തിന് വേണ്ടി മാത്രം ചെയ്തതാണെന്ന് വിശ്വസിക്കാൻ കഴിയില്ല, അവർക്ക് തേനിന്റെ ഔഷധ മൂല്യത്തെ കുറിച്ച കൃത്യമായ ധാരണ ഉണ്ടായിരുന്നു എന്ന് മനസ്സിലാകും. ഏത് പോലെന്നാൽ, മലബാർ സംസ്കാരത്തിലെ ഭക്ഷണ രീതികളെ ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോൾ, ന്യൂട്രലൈസ്ഡ് ഡയറ്റ് അവർ പിൻപറ്റിയിരുന്നു എന്ന് മനസ്സിലാക്കാം. അസിഡിറ്റി കൂടിയ ബീഫും ആൽകലിനിറ്റി കൂടിയ വെള്ളരിയും അവരുടെ തളികകളിൽ ഒരേ സമയം സമ്മേളിക്കുന്നതും, ആമാശയത്തിൽ എത്തുന്നതോടെ ന്യൂട്രലൈസ്ഡ് ഡയറ്റ് ആയിട്ടത് മാറുന്നതും, തീരെ ശാസ്ത്ര പരിജ്ഞാനം ഇല്ലാത്തവരല്ല അവർ എന്ന് തെളിയിക്കുന്നു.
“ഫീഹി ശിഫാഉൻ ലിന്നാസ്” – അതിൽ ജനങ്ങൾക്ക് ശമനമുണ്ട് എന്നാണ് ഖുർആനിൽ തേനിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ആരോഗ്യത്തിന്റെ ലക്ഷണമായിട്ടാണ് ബൈബിളിൽ തേനിനെ പരിചയപ്പെടുത്തുന്നത്. ആദരിക്കപ്പെട്ട സമ്മാനമായും വിശേഷിക്കപ്പെട്ടിട്ടുണ്ട്. ജൂതരുടെ വിശ്വാസത്തിലും തേനിനെ സംബന്ധിച്ച ആരോഗ്യ കാഴ്ചപ്പാടുകൾ കാണുവാൻ സാധിക്കും. പൂർവ്വകാല ഹിന്ദു മത വിശ്വാസികൾക്കിടയിൽ ദൈവത്തിന്റെ ഭക്ഷണമായി തേനിനെ ആദരിച്ചിരുന്നു. ചില ഹിന്ദു വിവാഹങ്ങളിൽ പൈശാചിക ശക്തികളെ തുരത്താനും, നല്ലൊരു ദാമ്പത്യ ജീവിതം നയിക്കാനും വേണ്ടി തേനുകൾ വിവാഹ വേദികളിൽ ഉപയോഗിക്കപ്പെട്ടിരുന്നു.
പോഷക അനുബന്ധമായി മാത്രം കേട്ട് പരിചയിച്ചിട്ടുള്ള തേൻ, കണ്ണ് രോഗങ്ങൾ, ആസ്ത്മ, തൊണ്ട സംബന്ധമായ ഇൻഫെക്ഷൻ, ടിബി, മോഹാലസ്യം, കരൾ വീക്കം, മലബന്ധം, പൈൽസ്, എക്‌സിമ, അൾസർ, കഫക്കെട്ട്, വന്ധ്യത തുടങ്ങി ഒട്ടനവധി ചെറുതും വലുതുമായ രോഗങ്ങൾക്കുള്ള പരിഹാരമാണെന്ന കാര്യം ഇപ്പോഴും നമുക്ക് അജ്ഞമാണ്. എന്നാൽ പാശ്ചാത്യ ഗവേഷകർ ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. പാശ്ചാത്യ ലോകത്തെ കണ്ട് പിടുത്തങ്ങളും ഗവേഷണങ്ങളും മാത്രം ശരി, മറ്റ് പഠനങ്ങളും ഗവേഷണങ്ങളും സൂഡോ- സയൻസ് (Pseudo Science) ആണെന്ന കാഴ്ചപ്പാട് വെച്ച് പുലർത്തിയത് കൊണ്ടാണ് പല പ്രാപഞ്ചിക സമ്മാനങ്ങളായ പ്രകൃതിയുടെ ദിവ്യൗഷധങ്ങളും അശാസ്ത്രീയമെന്ന് പറഞ്ഞു നമ്മുക്ക് തള്ളിക്കളയേണ്ടി വന്നത്. എന്നാൽ ഇന്ന് ശാസ്ത്രലോകവും മരുന്നുകൾ തേടി പ്രകൃതിയിലേക്ക് തന്നെ മടങ്ങുകയാണ്. ഇത് മനുഷ്യർക്ക് ആരോഗ്യ സമ്പന്നമായ ഒരു നാളെയെ കുറിച്ച് സ്വപ്നം കാണാൻ അവസരമൊരുക്കുന്നു.
തേനിനെ കുറിച്ച് ധാരാളം പഠനങ്ങൾ ഇന്നും നടന്നു കൊണ്ടിരിക്കുന്നു. ചർമ്മ രോഗങ്ങൾക്കും, ആമാശയ സംബന്ധ രോഗങ്ങൾക്കുമുള്ള തേനിന്റെ ശമനശേഷി അനിർവ്വചനീയമാണ്. തേനീച്ചക്കൂടിലെ തേൻ മാത്രമല്ല ഔഷധം. അതിലടങ്ങിയിട്ടുള്ള എല്ലാം ഔഷധങ്ങളാണ്. ബീ വാക്സ്, ബീ പ്രൊപോലിസ്, ബീ പോളൻ, റോയൽ ജെല്ലി തുടങ്ങി തേനീച്ചക്കൂട്ടിലെ ഔഷധക്കൂട്ടുകളുടെ നിര നീളുകയാണ്. ഇത് ദൈവത്തിന്റെ സമ്മാനമാണ്. മനുഷ്യന്റെ ഇടപെടൽ വരാത്തിടത്തോളം, തേൻ പരിശുദ്ധമാണ്, മരുന്നാണ്.