ഞാൻ ഊഹിച്ച ദിക്കിലൂടെ തന്നെ അവരുടെ സംസാരം നീങ്ങിയതും, ഈ മൂഡിൽ ഒരു ഉപദേശമോ സുവിശേഷമോ കേൾക്കാനുള്ള ത്രാണിയോ ക്ഷമയോ എനിക്കില്ലായിരുന്നു. എന്നാൽ ഇവർ വേറെ ലെവൽ ആയിരുന്നു. നാട്ടിൽ കണ്ടിട്ടുള്ള മറ്റു ക്രിസ്തീയ മിഷനറിമാരെ പോലെയല്ലായിരുന്നു ഇവർ. എന്റെ ക്രിസ്ത്യൻ സുഹൃത്തുക്കളിൽ നിന്നും സിനിമകളിൽ നിന്നുമൊക്കെ ഞാൻ അനുഭവിച്ചറിഞ്ഞ ക്രിസ്ത്യാനിസത്തിന്റെ നേരെ ഉൾട്ടയായിരുന്നു അവരുടേത്. ഞാൻ പഠിച്ച ക്രിസ്ത്യാനിറ്റി അല്ലായിരുന്നു അവർക്കു പറയാനുണ്ടായിരുന്നത്.
പൊതുവിലുള്ള ക്രിസ്ത്യൻ സമൂഹത്തെ പോലെ അവർക്ക് ക്രിസ്തുമസ് ആഘോഷമോ ഈസ്റ്ററോ ഇല്ല! അതുപോലെ മറ്റു പല പരിപാടികളും. അവരുടെ ആരാധനാ രീതികൾ തികച്ചും വ്യത്യസ്ഥമാണ്. യേശു പഠിപ്പിച്ച സുവിശേഷം യഥാവിധി പിൻപറ്റുന്നവർ തങ്ങളാണെന്നാണ് അവർ പറയുന്നത്. അഥവാ തങ്ങളാണ് യഥാർഥ ക്രിസ്ത്യാനികൾ എന്നാണ് അവരുടെ വാദം. സത്യം പറഞ്ഞാൽ ആ ചർച്ചക്കൊടുവിൽ എനിക്കും ഒരുവേള അങ്ങനെ തോന്നിപ്പോയി.
ദൈവകൽപന ലംഘിച്ച് സ്വർഗത്തിലെ വിലക്കപ്പെട്ട കനി കഴിക്കുന്നതോടെ ആദം സന്തതികൾ മുഴുവൻ പാപികളാവുകയും, അവരുടെ പാപമുക്തിക്കായി ദൈവം ‘മോശ’ പ്രവാചകനെ അയക്കുകയും, എന്നാൽ ‘മോശ’ കൊണ്ടുവന്ന ന്യായപ്രമാണം അനുസരിക്കാനാവാതെ ആദം സന്തതികൾ വീണ്ടും പാപികളായിത്തീരുകയും ചെയ്തു. ഇതിൽ മനംനൊന്ത ദൈവം സ്വയം മനുഷ്യരൂപത്തിൽ അവതരിക്കുകയും, അങ്ങനെ ‘യേശു ക്രിസ്തു’ ആദം സന്തതികളുടെ മുഴുവൻ പാപവും പേറി ക്രൂശിക്കപ്പെടുകയും ചെയ്തു. യേശുവിന്റെ ഈ പാപ പരിഹാര ബലിയിലൂടെ മുഴുവൻ മനുഷ്യരും പാപമുക്തരായി എന്ന് വിശ്വസിച്ചാൽ മാത്രം മതിയെന്നും ന്യായപ്രമാണം (പഴയ നിയമം) പിൻപറ്റേണ്ടതില്ല എന്നുമാണ് പൊതു വിശ്വാസം. ഇങ്ങനെ തുടങ്ങി ഇവർ ‘പെന്തക്കോസ്’ വിഭാഗത്തിന്റെ മുഴുവൻ കാര്യങ്ങളും എനിക്കു പറഞ്ഞു തന്നു. ഈസ്റ്റർ, അപ്പോസ്തലന്മാർ, ത്രീയേകത്വം, യൂദാസിനു പകരം വന്ന അപ്പോസ്തലൻ എന്നിങ്ങനെ പല വിഷയങ്ങളെ കുറിച്ചും വൈകുന്നരം അഞ്ചര വരെ (ഏകദേശം രണ്ടര മണിക്കൂറോളം) ആ ചർച്ച നീണ്ടു. ഒടുവിൽ നാഗ്പൂർ സ്റ്റേഷൻ എത്താറായപ്പോൾ മനസ്സില്ലാ മനസ്സോടെ എനിക്കാ ചർച്ച അവസാനിപ്പിക്കേണ്ടി വന്നു.
കാരണം മറ്റൊന്നുമല്ല, കന്നാസ് നിറക്കണമെങ്കിൽ ഏതെങ്കിലും നല്ല സ്റ്റേഷൻ എത്തണം. അവിടെയാവുമ്പോൾ കേന്ദ്ര സർക്കാറിന്റെ പുതിയ ശുദ്ധജല പദ്ധതി കാണുമല്ലോ. ഒരു ലിറ്റർ തണുത്ത പ്യൂരിഫൈഡ് മിനറൽ വാട്ടറിന് വെറും അഞ്ചു രൂപ മാത്രം. ഒരു കുപ്പി കൈയ്യിലുണ്ടേൽ സംഗതി കൂടുതൽ എളുപ്പം. ഒരു അഞ്ചു രൂപ കോയിൻ മെഷീനിൽ ഇട്ടാൽ ഒരു ലിറ്റർ വെള്ളം കിട്ടും. കുപ്പിയില്ലാത്തവർക്ക് അഞ്ചു രൂപക്ക് കുപ്പിയും ലഭിക്കും. അതേസമയം, ട്രെയിനിൽ വിൽക്കുന്ന ഒരു ബോട്ടിൽ വെള്ളത്തിനു (പലപ്പോഴും ഐ.എസ്.ഐ മുദ്ര പോലുമില്ലാത്ത ലോക്കൽ വെള്ളത്തിനു) ഇരുപതു രൂപയാണ്. എന്നാൽ ഇരുപതു രൂപ നേരത്തെ പറഞ്ഞ വണ്ണം എനിക്ക് അഞ്ചു ലിറ്റർ വെള്ളം കിട്ടും (അഞ്ചു ലിറ്റർ ഒരുമിച്ചു വാങ്ങിയാൽ അഞ്ചു രൂപ ഡിസ്കൗണ്ട്! അഥവാ ഇരുപതു രൂപക്ക് അഞ്ചു ലിറ്റർ വെള്ളം കുശാൽ).
നാട്ടിലായിരുന്നേൽ അര മണിക്കൂർ ഇടവിട്ട് സ്റ്റോപ്പുകൾ ഉണ്ടാകും. എന്നാൽ ഇവിടെയൊക്കെ മനുഷ്യവാസമുള്ള സ്റ്റോപ്പുകൾ കാണണമെങ്കിൽ മണിക്കൂറുകളോളം കാത്തിരിക്കണം. പിന്നെ ഞാനും ശിവോം ഭായിയും ഉച്ച മുതൽക്കേ ഫ്രീ വൈഫൈ കിട്ടാൻ നാഗ്പൂർ സ്റ്റേഷൻ കിനാവു കണ്ടിരിക്കുന്നവരാണ്.
കാത്തിരിപ്പിനൊടുവിൽ നാഗ്പൂർ എത്തി. ഭാഗ്യത്തിന് എന്റെ ബോഗിയുടെ നേരേ തന്നെയായിരുന്നു വെള്ളത്തിന്റെ മെഷീൻ സ്ഥിതി ചെയ്തിരുന്നത്. പക്ഷേ, ഞാൻ കന്നാസെടുത്ത് പുറത്തെത്തിയപ്പോഴേക്കും കൂടിളകിയ കടന്നൽക്കൂട്ടത്തെ പോലെ മറ്റു യാത്രികർ മെഷീനെ പൊതിഞ്ഞു. വെള്ളെമെടുക്കാൻ കഴിയില്ലെന്ന് എനിക്കുറപ്പായി. അതുകൊണ്ട് ഞാൻ ആ സമയം വൈഫൈ കനിഞ്ഞു തന്ന ഇന്റർനെറ്റിന്റെ അനന്തതയിലേക്ക് ഊളിയിട്ടു. പെട്ടെന്നു ട്രെയിൻ എടുത്തു, അതും ചൂളമടിക്കാതെ. അന്നേരം മുഴുവനാളുകളും ട്രെയിനിലേക്ക് ഓടി. വൈഫൈ ഊറ്റിയൂറ്റി മെഷീന്റെ പിന്നിലെ കസേരയിലായിരുന്നു ഞാൻ ഇരുന്നിരുന്നത്. പാതി ആശങ്കയിൽ പതുക്കെ നടന്ന് മെഷീന്റെ മുന്നിലെത്തിയതും ട്രെയിൻ നിർത്തി. ഒന്നുകിൽ ചൂളമടിക്കാൻ മറന്നതാവും, അല്ലെങ്കിൽ ലേശം മുന്നിലേക്കു നീക്കിയിട്ടതാവും.
ഒരുപക്ഷേ പുറത്തുനിൽക്കുന്ന ആളുകൾക്ക് ട്രെയിൻ എടുക്കുന്നുണ്ടെന്ന സൂചന കൊടുത്തതുമായിരിക്കും. അങ്ങനെയാണേൽ ‘റപ്ത്തി’യുടെ ഈ ‘സൈക്കോളജിക്കൽ മൂവിന്’ എന്റെ വക ഒരു ലൈക്ക്. ഏതായാലും എനിക്കു ലോട്ടറിയടിച്ചു! ഒരു ഈച്ചക്കുഞ്ഞു പോലുമില്ല വെള്ളമെടുക്കാൻ. അങ്ങനെ ഇരുപതു രൂപക്ക് അഞ്ചു ലിറ്റർ വെള്ളവും വാങ്ങി ‘സ്ലോ മോഷനിൽ’ ഞാൻ ട്രെയിനിൽ കയറി. എന്നാൽ ദാഹത്തിന്റെ തീക്ഷണതയിൽ സീറ്റിലിരിക്കുന്നതിനു മുന്നേ ഏതാണ്ട് അരലിറ്ററോളം വെള്ളം കുടിച്ചുതീർത്തു എന്നതും വായനക്കാർ അറിയണമല്ലോ. മെഷീനിനടുത്തെ തിരക്കു കാരണം ദീദിയും അബ്ദു ഭായിയുമൊക്കെ പൈപ്പ് വെള്ളം ശേഖരിച്ചു വെച്ചു. എനിക്കിതത്ര രസിച്ചില്ലെന്നും പറയാമല്ലോ.
രണ്ടര മണിക്കൂർ മാറി നിന്നപ്പോഴേക്കും ശിവൊം ഭായി ഇവിടെത്തെല്ലാവരേയും കൈയ്യിലെടുത്തു. എല്ലാവരും ചേർന്ന് ദീദിയെ വെട്ടലായിരുന്നു (കളിപ്പിക്കുക) പിന്നയങ്ങോട്ട്. ഭായിടെ ‘ആന്റി’ വിളി കേള്‍ക്കാൻ തന്നെ പ്രത്യേക രസമായിരുന്നു. എന്റെ സഞ്ചിയിൽ ബാക്കിയുണ്ടായിരുന്ന ചിപ്സ് വെച്ച് ഞാനൊരു വിരുന്നുമൊരുക്കി. അങ്ങനെ കഴിച്ചും കഴിപ്പിച്ചും കളിച്ചും ചിരിച്ചും അങ്ങോട്ടുമിങ്ങോട്ടും കളിയാക്കിയും കഴിഞ്ഞുപോയ ആ സുവർണ സായഹ്നം എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. ‘ബംഗാളികൾക്കൊപ്പം’ രണ്ട് ദിവസം എങ്ങനെ കഴിച്ചുകൂട്ടണമെന്നോർത്ത് ഇന്നലെ ബേജാറായ ഞാൻ ഇന്നിതാ അവരിലൊരാളായി വിളയാടുന്നു!
ഞങ്ങൾ പോലുമറിയാതെ ഒരു കുടുംബമായി മാറിയതുപോലെ. ദീദിയുടെ തമാശകളും, ഹുസൈൻ ഭായിയുടെ സംശയങ്ങളും, അബ്ദു ഭായിയുടെ സൈലന്റ് അറ്റാക്കും, ശിവോമിന്റെ വെട്ടലും, പിന്നെ ഞാൻ ഉൾപ്പടെ ബാക്കി ആളുകളുടെ മറ്റു ഇടപഴകലുമൊക്കെയായി ഉറച്ച ഒരു സുഹൃദ് വലയം നമുക്കിടയിൽ രൂപപ്പെട്ടു