ഈയിടെ മാധ്യമം പത്രമെഴുതിയതു പോലെ കടലിലൊരു മത്സ്യമുണ്ട് . പേര് അബൂ ദഫ്ദഫ് മണിക് ഫാനി. അത്ര പെട്ടന്നൊന്നും വലയിൽ കുടുങ്ങാത്ത വേറി ട്ടൊരു മീൻ. ആ പേരിന് കാരണക്കാരനായ ആളും അങ്ങനെ തന്നെ. നടപ്പ് ജീവിതശീലങ്ങളുടെ വലയിൽ കുടുങ്ങാതെ വിജ്ഞാന സാഗരത്തിൽ നീന്തിത്തുടിക്കുന്ന വേറി ട്ടൊരു മത്സ്യം- ‘എം. അലി മണിക് ഫാൻ’. ഒരു സംഘടനാ വലയിലും കുടുങ്ങാതെ, ഒന്നര പുരുഷായുസ് യാതൊരു ബൂർഷ്വാ അസുഖങ്ങളും ബാധിക്കാതെ വേറിട്ട ജീവതശീലങ്ങൾ കാണിച്ചു തന്ന ഒരു പരിവ്രാജകൻ. ശാസ്ത്രജ്ഞരുടെ പതിവ് വാർപ്പുമാതൃകകളിൽ പെടാത്ത, പാണ്ഡിത്യത്തിന്റെ ശരീരഭാഷ വശമില്ലാത്ത, കടലാഴങ്ങളും അറിവാഴങ്ങളും ഒരുപോലെ ഇഷ് ടപ്പെടുന്ന, കടലിനെയും കരയേയും ആകാശത്തേയും ഒരുപോലെ തൊട്ടറിഞ്ഞ മഹാമനീഷി.
ആ ജീവിതത്തെ അടുത്തറിയാൻ കുറിപ്പുകാരൻ ഒന്നരപ്പതിറ്റാണ്ടായി അടുത്തു കൂടിയിട്ട്. ആ മഹാസാഗരത്തിലെ ഒരു തുള്ളി പോലും നുകരാനായിട്ടില്ല എന്ന ഉറച്ച ബോധ്യം ഈ വരികളെഴുതുമ്പോഴും എന്നെ വല്ലാതെ വേട്ടയാടുന്നുണ്ട്.
അദ്ദേഹത്തെ സംബന്ധിച്ച് 12-05-2018 ൽ ഫേസ്ബുക്കിൽ കുറിച്ചത് ഇവിടെ ചേർക്കുന്നു.
യഈശു ഫിൽ ഖലഫ് ഈശത്ത സ്സലഫ്
(പിൽക്കാലക്കാരിലെ പൂർവ്വസൂരി )
ബഹു : അലി മിയാനെ കുറിച്ച് ഖറദാവി ഒരു പ്രഭാഷണത്തിൽ പറഞ്ഞതാണ്. പക്ഷേ അങ്ങനെയൊരാൾ ജീവിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടത് ഇന്നാണ്. മണിക്ഫാൻ എന്ന മഹാപണ്ഡിതനെ പലപ്പോഴും സ്വീകരിക്കാനും ആതിഥ്യമരുളാനും തളിക്കുളം ഇസ്‌ലാമിയാ കോളേജിൽ വെച്ച് കഴിഞ്ഞിട്ടുണ്ട്. അന്നെല്ലാം ഞാനുറങ്ങുന്ന ബെഡിൽ സുഖമായുറങ്ങുകയും കോളേജിലെ ഏതെങ്കിലും കാലിക്കട്ടിലിൽ അദ്ദേഹത്തെ കിടത്തി ഉറക്കുകയുമായിരുന്നു പതിവ്. എന്നാൽ ഇന്നലെ ഉച്ചമുതൽ അദ്ദേഹം ശാന്തപുരത്ത് കൂടെയുണ്ട്. മിത ഭാഷണം, ലളിത ഭക്ഷണം, പൂച്ചയുറക്കം എന്നിവ വാസ്തവത്തിൽ ഇന്നലെയാണ് ശ്രദ്ധിച്ച് തുടങ്ങിയത്. തഹജ്ജുദ് നമസ്കാരത്തിലെ ഏങ്ങിയുള്ള ഖുർആൻ പാരായണം.
അഫ്ഗാനിയെ കുറിച്ച് ചരിത്ര ഗ്രന്ഥങ്ങൾ പറയും പോലെ എപ്പോഴും ആ 2 പെട്ടികൾ കൂടെയുണ്ട്. 1 ധരിച്ചിരിക്കുന്നു; മറ്റേത് നെഞ്ചിൽ വഹിച്ചിരിക്കുന്നു. ഉമ്മത്തിനെക്കുറിച്ച ചിന്തയല്ലാതെ; അഇമ്മത്തിന്റെ ചില വിഷയങ്ങളിലെ ലാഘവത്തെ കുറിച്ചല്ലാതെ മറ്റൊന്നും അദ്ദേഹത്തെ അലട്ടുന്നില്ല. ആസ്ട്രോണമി ,ബോട്ടണി, മത്സ്യശാസ്ത്രം അങ്ങനെ കാക്കത്തൊള്ളായിരം ശാസ്ത്രങ്ങളുടേയും പത്തിൽ കൂടുതൽ ഭാഷകളുടേയും എൻസൈക്ലോപീഡിയ. എന്നിട്ടും എങ്ങനെ ഭൂമിയേക്കാൾ വിനയാന്വിതനാവാൻ കഴിയുന്നു. ഇതേ കാര്യം എന്റെ പ്രിയ സുഹൃത്ത് മുഹിയുദ്ദീൻ ഗാസിയും ഇന്നലത്തെ അദ്ദേഹത്തിന്റെ വീട്ടിലെ കുശലങ്ങൾക്കിടയിൽ സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ മക്കൾ അത്ഭുതം കൊണ്ട് മൂക്കത്ത് വിരൽ വെക്കുന്നത് അക്ഷരാർഥത്തിൽ ഞാൻ ദർശിച്ചു. ആരുടേയും ബർത്ത്ഡേയും ദിനവും നിമിഷ നേരം കൊണ്ട് ഹിജ്റ – ഗ്രിഗോറി കൺവെർട്ടറിനേക്കാൾ വേഗത്തിൽ കണ്ടെത്തുന്ന ദാദയെ അവർക്കും പെരുത്തിഷ്ടമായി ”
ഈ വര്‍ഷത്തെ (2021) പത്മശ്രീ പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചവരുടെ പട്ടികയിൽ വളരെ വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ പേരുമുണ്ട്. പത്മശ്രീക്ക് വിലയുണ്ടായത് ഇപ്പോൾ മാത്രമാണെന്നാണ് പല നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. തലേകെട്ടും വലിയ ജുബ്ബയും ധരിച്ച ഈ കൃശഗാത്രൻ അക്ഷരാർഥത്തിൽ ആവേശമുണർത്തുന്ന വൻ കണ്ടുപിടുത്തങ്ങളുടെ കപ്പിത്താനാണ്. നൂറ്റാണ്ടിൽ വളരെ വിരളമായി മാത്രം പിറവിയെടുക്കുന്ന പ്രത്യേക ജിനുസ്സ് (ജിന്ന് + ഇൻസ് )
മൂസ മാണിക്ഫാന്റേയും ഫാത്തിമ മാണിക്കയുടേയും മകനായി മിനിക്കോയ് ദ്വീപിൽ 1938 മാർച്ച് 16നാണ് ജനിച്ചത്.
ദ്വീപിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായതിനാൽ പിതാവ് അലി മാണിക്ഫാനെ കേരളത്തിലെ കണ്ണൂരിലേക്ക് ഔപചാരിക വിദ്യാഭ്യാസത്തിനായി അയച്ചു. എന്നാൽ വ്യവസ്ഥാപിത വിദ്യാഭ്യാസരീതിക്ക് അന്നേ എതിരായിരുന്നതിനാൽ അദ്ദേഹം വിദ്യാഭ്യാസം ഇടക്ക് വെച്ച് ഉപേക്ഷിക്കുകയും മിനിക്കോയിയിലേക്ക് മടങ്ങുകയും ചെയ്തു. വിദ്യാഭ്യാസം സ്വയമാർജ്ജിക്കേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ എന്നത്തേയും കാഴ്ചപ്പാട്.
ഔപചാരിക സ്കൂൾ വിദ്യാഭ്യാസം ലഭിക്കാതെ തന്നെ മാതൃഭാഷയായ ദിവേഹിക്കു പുറമെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, മലയാളം, അറബിക്, ലാറ്റിൻ, ഫ്രഞ്ച്, പേർഷ്യൻ, സംസ്കൃതം തുടങ്ങി പതിനഞ്ചോളം ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയുന്ന ഏഴാം ക്ലാസുകാരൻ. മൂന്ന് വർഷം മാത്രം ഭൗതിക വിദ്യാഭ്യാസം നേടിയ ആൾക്ക് എങ്ങനെ ഇതെല്ലാം സാധിക്കുന്നുവെന്ന ചോദ്യത്തിന്‍റെ മറുപടി സ്വന്തം ജീവിതം കൊണ്ട് തന്നെ മണിക്ഫാൻ കാണിച്ചുതന്നിട്ടുണ്ട് -‘മനസ്സ് വെച്ചാൽ നമുക്ക് എന്തും പഠിക്കാം’.
തുടർന്ന് സമുദ്രജീവിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ദ്വീപിന്റെ തനതു സമ്പത്തായ കപ്പൽനിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അഗാധമായ അറിവ് സമ്പാദിക്കുന്നതിൽ അദ്ദേഹം സമയം വിനിയോഗിച്ചു. 1956ൽ അദ്ധ്യാപകനായും തുടർന്ന് ഇന്ത്യ ഗവൺമെന്റിന്റെ ചീഫ് സിവിൽ ഒഫീഷ്യലിന്റെ ഓഫീസിലും ജോലി ചെയ്തു. എന്നാൽ സമുദ്ര ഗവേഷണത്തോടുള്ള താത്പര്യം മൂലം 1960-ൽ ഫിഷറീസ് വകുപ്പിൽ ഗവേഷകനായി ചേരുകയായിയിരുന്നു.
ജീവിതരീതിയിലും വേഷത്തിലും എപ്പോഴും ലാളിത്യം കാത്തുസൂക്ഷിച്ചു വന്ന മണിക് ഫാന് രാജ്യം പത് മശ്രീ നൽകി ആദരിക്കു മ്പോഴും ശൈലിയിൽ മാറ്റമില്ല. പുരസ് കാരത്തിന്‍റെ വിവരമറിഞ്ഞ് ആദ്യമായി വിളിച്ചത് ഒരുപക്ഷേ ഞാനായിരിക്കും. തുടർന്ന് വളരെ അടുപ്പമുള്ളവർ പോലും വിളിച്ചപ്പോൾ ഫോണെടുത്തത് അദ്ദേഹത്തിന്റെ ഭാര്യയാണ് . ‘അദ്ദേഹം ഉറങ്ങാൻ കിടന്നു’ എന്ന മറുപടിയാണ് അവർക്കൊക്കെ ലഭിച്ചത് . പണ്ടേ അദ്ദേഹം അങ്ങനെയാണ് . കിറുകൃത്യം പുലർച്ചേ 4 ന് എഴുന്നേല്ക്കും രാത്രി 9.30 ന് ഉറങ്ങിയിരിക്കും. ഒരിക്കലും അഭിനന്ദനങ്ങൾക്കായി കാത്തുനിൽക്കാറില്ല. ഇത്രയും നേട്ടങ്ങൾ കൈവരിച്ചിട്ടും വേണ്ടത്ര അംഗീകാരങ്ങൾ ലഭിച്ചില്ലല്ലോ, ആളുകൾ തിരിച്ചറിയുന്നില്ലല്ലോ, എന്നൊക്കെ ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നു- ‘മരുഭൂമിയിൽ എ ത്രയോ തരം പൂക്കൾ ആരുമറിയാതെ വിരിയുന്നു, കൊഴിയുന്നു. അതുപോലെയൊക്കെ കരുതിയാൽ മതി…’.
പിതാവ് കോടതി ആമീൻ ആയിരുന്നു. അക്കാലത്ത് ജുഡീഷ്യൽ പദവിയായിരുന്നു ആമീൻ എന്നതിനാൽ നല്ല അധികാരവും സ്വാധീനവുമുള്ള കുടുംബത്തിലായിരുന്നു ജനനം. ഉപ്പ കോഴിക്കോട്ട് ഹജൂർ കച്ചേരിയിലേക്കും സ്വന്തമായി ചരക്കുകപ്പൽ ഉണ്ടായിരുന്ന ഉപ്പാപ്പ ദ്വം മാണിക് ഫാൻ വ്യാപാരത്തിനായി കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും മംഗലാപുരത്തേക്കുമൊക്കെ യാത്ര തിരിക്കുമ്പോൾ കുഞ്ഞു മണിക്ഫാനെയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. കടൽത്തീരത്തും കടലിലെ ലഗൂണിലുമായി ചെലവഴിച്ചിരുന്ന ബാല്യകാലം ഇന്നും അദ്ദേഹം സസൂക്ഷ്മം ഓർത്തെടുക്കുന്നു. കരയിൽനിന്നും കടലിൽനിന്നുമുള്ള അനുഭവങ്ങളിൽ നിന്നായിരുന്നു ശരിയായ പഠനം.
പിതാവിന്‍റെ ഗുമസ്തനായ കണ്ണൂർ സ്വദേശി കല്ലിവളപ്പിൽ ഹസ്സൻ കുഞ്ഞിൽനിന്നാണ് കണക്കും ഇംഗ്ലീഷും മലയാളവും കുട്ടിക്കാലത്തേ പഠിച്ചത്. പത്താം വയസ്സിൽ ഹസ്സൻ കുഞ്ഞിനൊപ്പം കണ്ണൂരിലേക്ക് സ്കൂൾ പഠനത്തിനെത്തി. അഞ്ചാം ക്ലാസ് മുതൽ മൂന്ന് വർഷം അദ്ദേഹത്തിന്‍റെ വീട്ടിൽ താമസിച്ചു പഠിച്ചത് മാത്രമാണ് ഭൗതികമായി നേടിയ വിദ്യാഭ്യാസം. കണ്ണൂർ ഹയർ എലിമെന്‍ററി സ്കൂളിൽ നിന്ന് പാതിവഴിയിൽ ഏഴാം ക്ലാസ് പഠനമുപേക്ഷിച്ച് ലക്ഷദ്വീപിലേക്ക് മടങ്ങി. ‘സ്കൂൾ പഠനം മുഷിപ്പായി തോന്നിയിരുന്നു. ഞാൻ ചിന്തിച്ച് കൂട്ടുന്നതൊക്കെ പ്രായോഗികമാക്കാനും സ്വന്തം പരീക്ഷണങ്ങൾക്കും സമയം കിട്ടിയിരുന്നില്ല’. എല്ലാവർക്കും എല്ലാം പഠിപ്പിക്കുന്ന പരമ്പരാഗത രീതിയോട് അന്നേ എതിർപ്പായിരുന്ന അന്നത്തെ റിബൽ അക്കാലത്തെ കുറിച്ച് ഓർത്തെടുക്കുന്നത് ഇങ്ങനെ. സ് കൂൾ വിദ്യാഭ്യാസത്തോടുള്ള ഈ ‘അലർജി’ മക്കളുടെ കാര്യത്തിലും കാട്ടി. നാലുമക്കളെയും സ് കൂളിൽ വിട്ടില്ല. ഈ തീരുമാനം തെറ്റായിരുന്നില്ല. മകന്‍ മര്‍ച്ചന്‍റ് നേവിയിലാണ് . പെണ്മക്കള്‍ മൂന്നുപേരും അധ്യാപകരും.
കണ്ണൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് തിരിച്ചുവന്ന ശേഷം മിനിക്കോയിലെ ഇംപീരിയൽ ലൈറ്റ് ഓഫിസർമാരായ എൻജിനീയർമാരിൽനിന്ന് ലൈറ്റ് ഹൗസ് സംവിധാനങ്ങൾ, സിഗ്നൽ എന്നിവ പഠിച്ചു. സിലോണിൽ നിന്നുള്ള ആ ഉദ്യോഗസ്ഥർക്കൊപ്പം കൂടി കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങളിലും ഉപഗ്രഹങ്ങളെ കുറിച്ചുമൊക്കെ അറിവ് നേടി. കുറച്ച് കാലം മിനിക്കോയിയിൽ അധ്യാപകനായും ജോലി ചെയ് തു. കപ്പലിൽ ചേരാനായി കൊൽക്കത്തക്ക് പോയെങ്കിലും അന്നത്തെ മഹാവ്യാധി ചിക്കൻ പോക് സ് വില്ലനായി. ശേഷം കുറേക്കാലം അധ്യാപകനായും ആമീന്‍റെ ഗുമസ്തനായും മിനിക്കോയിയിൽ തുടർന്നു.
സ്വന്തമായി വൈദ്യുതി, ഫ്രിഡ് ജ് , മോ ട്ടോർ പിടിപ്പിച്ച സൈക്കിൾ എന്നിവ വികസിപ്പിച്ചത് പ്രത്യേകം പരാമർശമർഹിക്കുന്നു.
വിരമിച്ച ശേഷമാണ് തമിഴ്‌നാട്ടിൽ വേതാളൈ എന്ന സ്ഥലത്ത് കടൽക്കരയിൽ മൂന്ന് ഏക്കർ ഭൂമി വാങ്ങി താമസമാക്കിയത് . വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കാലമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വീട്ടില്‍ വെളിച്ചമെത്തിച്ചു. കടൽക്കരയിൽ കാറ്റ് കൂടിയതിനാൽ കാറ്റാടിയന്ത്രം ഉപയോഗിച്ചാണ് വൈദ്യുതി ഉത്‌പാദിപ്പിച്ചത് . വീട്ടിലെ ഫ്രിഡ് ജും സ്വന്തം നിർമിതിയാണ് . ഈ തരിശുഭൂമിയെ സ്വപ്രയത് നം കൊണ്ട് ഹരിതാഭവുമാക്കി. മോട്ടോര്‍ പിടിപ്പിച്ച് ഒരു സൈക്കിള്‍ നിര്‍മ്മിച്ചതായിരുന്നു മറ്റൊരു കണ്ടുപിടിത്തം. മണിക്കൂറില്‍ 25 കി.മീ. വേഗതയില്‍ പോകുന്ന ആ സൈക്കിളില്‍ 1982-ൽ മകൻ മൂസയേയും കൂട്ടി ഡൽഹി വരെ പോയ് വന്നും അദ്ദേഹം ഞെട്ടിച്ചു. വേതാളൈയിൽ നിന്ന് 45 ദിവസം കൊണ്ടാണ് ഡൽഹിയിൽ പോയി വന്നത് . മുൻ ചക്രത്തിൽ പ്രവർത്തിക്കുന്ന ബാറ്ററി റൺ മോപ്പെഡിന് അന്ന് പേറ്റന്റ് ലഭിച്ചിരുന്നു. സാധാരണയായി ഇരുചക്രവാഹനങ്ങൾക്ക് പിൻ ചക്രത്തിലാണ് മോട്ടോർ പിടിപ്പിക്കുന്നത്.
കുട്ടിക്കാലം മുതലേ ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കുന്ന മത്സ്യങ്ങളെ തിരിച്ചറിയാനുള്ള കഴിവ് മണിക് ഫാൻ സ്വായത്തമാക്കി. ചിറക്, അവയുടെ നിറം, ചിറകിലെ മുള്ളുകൾ, അവയുടെ എണ്ണം എന്നിവ നോക്കി മനസ്സിലാക്കി തിരിച്ചറിയുമായിരുന്നു. 400 മത്സ്യ ഇനങ്ങളെ തിരിച്ചറിയാൻ മണിക്ഫാന് കഴിയുമായിരുന്നു. പല സമുദ്രശാസ്ത്രജ്ഞരും മത്സ്യങ്ങളുടെ വ്യത്യസ്ത വർഗങ്ങളെ തിരിച്ചറിയാൻ അദ്ദേഹത്തിന്‍റെ സഹായവും തേടിയിരുന്നു.
മണിക്‌ഫാന്‍റെ ഈ കഴിവുകളെ തിരിച്ചറിഞ്ഞ സെൻട്രൽ മറൈൻ ഫിഷറീസ് ഡയറക്ടർ ഡോ.എസ്. ജോൺസ് അദ്ദേഹത്തെ കേന്ദ്ര ഫിഷറീസ് വകുപ്പിലേക്ക് ശുപാർശ ചെയ് തു. അങ്ങനെയാണ് തമിഴ് നാട്ടിലേക്ക് താമസം മാറ്റുന്നത് . 1960 മുതൽ 1980 വരെ അവിടെ ജീവനക്കാരനായി. ഡോ. ജോൺസ് വിരമിച്ചതോടെ മണിക്ഫാനും അവിടെ നിന്നിറങ്ങി. അദ്ദേഹം തിരിച്ചറിഞ്ഞ പുതിയ ഒരിനം മത്സ്യത്തിന് സെൻട്രൽ മറൈൻ വകുപ്പ് ‘അബു ദഫ്ദഫ് മണിക് ഫാനി’ എന്ന് പേരിട്ടതും നാം ആമുഖത്തിൽ പറഞ്ഞിരുന്നു. ആകാശത്തേക്ക് നോക്കി ചന്ദ്രന്റെ പ്രായം കൃത്യമായിപ്പറയുന്ന ശാസ്ത്രം പ്രാഥമികമായി പഠിപ്പിച്ചു തന്നത് അദ്ദേഹമാണ്. ഇത്തരം പ്രചോദനങ്ങൾ ഒന്നിച്ച് ലഭ്യമാവുന്നു എന്നതാണ് മണിക്ഫാൻ എന്ന മഹാജീവിതത്തിൽ നിന്നും ലഭ്യമാവുന്ന പാഠം.
ഒരു ചന്ദ്രൻ , ഒരു ഈദ്, ഒരു ഉമ്മ: എന്ന ദൗത്യവും calendar for mankind എന്ന ലക്ഷ്യവുമായി ലോകം മുഴുവൻ കറങ്ങിയ ഈ ചെറിയ ബല്യ മനുഷ്യൻ ബംഗലൂരു, ഔറംഗാബാദ് , തൃച്ചി, കോഴിക്കോട് എന്നീ പട്ടണങ്ങൾ കേന്ദ്രമായി പ്രവർത്തിക്കുന്ന കലണ്ടർ റിസർച്ച് കേന്ദ്രങ്ങളുടെ മാസ്റ്റർബ്രയിനാണ്. ഒരു ചന്ദ്രന് ഒരു ദിനം, ഒരു ദിന (Day)ത്തിന് ഒരു ദിവസം ( Date) എന്ന ലളിത ലോജിക് ലോകത്ത് തുർക്കി, മലേഷ്യ, സിംഗപ്പൂർ, ചില അറബി രാജ്യങ്ങൾ എന്നിവിടങ്ങളിലെ ബോധമുള്ള ചെറുപ്പക്കാരെ ലളിതമായി മനസ്സിലാക്കി കൊടുക്കാൻ ഈ മനുഷ്യനായി. പ്രവാചക ജനനം, മരണം, ആയുസ്, ഹജ്ജതുൽ വിദാഅ്, ഇന്റർ നാഷണൽ ഡേറ്റ് ലെയ്ൻ എന്നു തുടങ്ങി ഒരു ഡസൻ വിഷയങ്ങൾ അരമണിക്കൂർ കൊണ്ട് ലളിതമായ ഗണിത ശാസ്ത്ര തത്വങ്ങൾ കൊണ്ട് വിവരിച്ചു തരും. ലൂണാർ കലണ്ടറിലെ കഞ്ചങ്ഷൻ, ന്യൂമൂൺ, അലോങേഷൻ, ഫുൾ മൂൺ തുടങ്ങി ഗഹനമായ ആസ്ട്രോ ഫിസിക്സ് വിഷയങ്ങൾ വിശദീകരിക്കാൻ പത്തു മിനിറ്റ് പോലും വേണ്ടി വരില്ല ഈ കമ്പ്യൂട്ടർ മനുഷ്യന്.
ആകാശവും സമുദ്രവും ഭൂമിയുമെല്ലാം പാഠപുസ്തകമാക്കിയ ആ മനുഷ്യന്റെ മുമ്പിൽ നാമെല്ലാം അങ്ങേയറ്റം നിസ്സാരർ വെറും കടലാസ് വാഹികൾ.
ഹഫീദ് നദ്‌വി കൊച്ചി
(ചെയർമാൻ HCI)
I am often to blogging and i really appreciate your content. Your content has truly peaks my interest. My goal is to bookmark your web blog and keep checking for brand new information. Mommy Marlin Ho
Hi there. I discovered your blog by the use of Google at the same time as looking for a related topic, your web site got here up. It appears good. I have bookmarked it in my google bookmarks to visit then. Kare Waverly Cairistiona