ഉച്ചഭക്ഷണത്തിന്റെ ഓർഡർ എടുക്കാൻ ചുവന്ന കുപ്പായധാരികളായ നോർത്ത് ഇന്ത്യൻ വെയ്റ്റർന്മാർ വന്നു. ഞാനും ദീദിയുമൊഴികെ ബാക്കിയെല്ലാവരും ഓർഡർ കൊടുത്തു. കൂടെയുള്ളവർ ഇന്നലെ രാത്രി കൊടുത്ത ബ്രേക്ഫാസ്റ്റിന്റെ ലിസ്റ്റ് ഇതുവരെ എത്തിയുമില്ല. പക്ഷേ ഈ ഓർഡറിനു പിന്നാലെ അവയുമുണ്ടായിരുന്നു.
എല്ലാവരും ശാപ്പിടാൻ തുടങ്ങിയപ്പോൾ ഞാൻ മേലത്തെ ബെർത്തിൽ കയറി. ശിവോം ഭായി ഇന്നും ഒളിവിൽ തന്നെ.. ഈ മനുഷ്യൻ എങ്ങോട്ടാണാവോ പോണേ. ഞാൻ മെല്ലെ ഫുഡ് അടിക്കാൻ പോയപ്പോഴാണ് ‘ഹനംകൊണ്ട’ എന്ന സ്ഥലത്ത് ട്രെയിൻ നിർത്തിയത്. സാധാരണ ഒരു സ്റ്റോപ്പ്. ഞാൻ കാര്യമായ ശ്രദ്ധ കൊടുത്തില്ല. പക്ഷേ എല്ലാവരും സ്റ്റേഷൻ കാഴ്ച്ചകളിലേക്ക് ബല്ലാത്ത ആശ്ചര്യത്തോടെ നോക്കുന്നതു കണ്ടാണ് ഞാൻ താഴേക്ക് ഇറങ്ങിയത്. വളരെ കൗതുകം നിറഞ്ഞതായിരുന്നു ആ ദൃശ്യങ്ങൾ. നാട്ടിലൊരുപാട് കണ്ടയ്നർ ലോറികൾ കണ്ടിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാണ് കണ്ടയ്നർ ട്രെയിൻ (റോറോ) കാണുന്നത്. മുമ്പിലെ എഞ്ചിൻ ബോഗിക്കു ശേഷം മേൽകൂരയും മറ്റു കവറിങ്ങും ഇല്ലാത്ത ഒരു പരന്ന ഇരുമ്പ് പലകയാണ് ബാക്കിയുള്ള ബോഗികൾ മുഴുവനും. ആ നിലയത്തിനു മീതേ യുദ്ധത്തിനു കൊണ്ടു പോകുന്ന വല്യ ടാങ്കുകളും. നാട്ടിലെ ആർമി ക്യാമ്പിന് മുന്നിലൂടെയുള്ള ആനവണ്ടി യാത്രകളിൽ മാത്രം കണ്ടു പരിചയമുള്ള ഡമ്മി-ടാങ്കുകൾ അല്ല അവയൊന്നും. പിന്നെ ഒറിജിനലാണോന്നും അറിയില്ല. എന്റെയടുത്ത് നിന്ന ഒരാളുടെ വാക്കിനെ മാത്രം പ്രമാണമാക്കിയാണ് ഞാനാ പ്രസ്താവന ഉദ്ധരിച്ചത് ട്ടോ. എന്തൊക്കെയായാലും നല്ല പൊളപ്പൻ സീൻ. ഒരു പത്തുമുപ്പത് ടാങ്കുകളും ഒരു എഞ്ചിനും.
ഞാൻ പിന്നേം മുകളിൽകയറി കൈയ്യിലുണ്ടായിരുന്ന ചപ്പാത്തിയും കുറച്ചു ചിപ്സും പിന്നെ കന്നാസിലെ വെള്ളവും അകത്താക്കി. നാസ്ത കുശാ. എന്നാലും തൊട്ടുകൂട്ടാൻ ഒന്നുമില്ലാത്തതു കൊണ്ട് ചെറിയൊരു വൈക്ലഭ്യം. എല്ലാ ക്ഷീണവും ലക്നൗ എത്തിയിട്ട് തീർക്കാം എന്ന പ്രതീക്ഷയിൽ ആത്മസംതൃപ്തനായി ഞാനിരുന്നു.
അൽപം കഴിഞ്ഞപ്പോൾ താഴെ ദീദിക്കൊപ്പം ഒരു കുട്ടി കളിക്കുന്നതു കണ്ടു. ആ വഴി ചുമ്മാ പോയ ആ ചെക്കനെ വട്ടാക്കാൻ തുടങ്ങിയതായിരുന്നു ദീദി. ഓനാകട്ടെ നല്ല പൊട്ടിതെറി സാധനവും.
ചക്കിക്കൊത്ത ചങ്കരൻ തന്നെ.
ഞാൻ പിന്നേയും ബാഗെല്ലാം അടുക്കി വെച്ചിട്ട് താഴെയിറങ്ങി. ഞാനിറങ്ങുന്നതു കണ്ടപ്പോഴാണ് ഓന് മേലെ കേറുന്ന രീതിശാസ്ത്രം പിടികിട്ടിയത്. പിന്നെ ഓൻ ബർത്തിൽ കേറാനുള്ള ആ മൂന്ന് കമ്പിയിൽ വലിഞ്ഞ് കേറാൻ തുടങ്ങി. ഞാനും ഓന്റൊപ്പം കൂടി. ഓനെ മേലെ കേറ്റാൻ എനിക്ക് പേടിയായിരുന്നു, പക്ഷേ ഓന് കേറാൻ കഴിയില്ല എന്ന ഉറപ്പിൽ ഓന്റൊപ്പം ഞാനും കളിച്ചു. എവറസ്റ്റ് കീഴടക്കുന്ന ഭാവമായിരുന്നു ഓന്റെത്. ഓനെ സംബന്ധിച്ചെടുത്തോളം അവനതൊരു ഹിമാലയൻ ടാസ്ക് തന്നെയാണ്. എന്നാൽ ഓന്റെ എല്ലാ ആവേശത്തിനും തിരശ്ശീല ചാർത്തി ഓന്റെ ചേട്ടൻ വന്നു ഓനേം എടുത്തോണ്ട് പോയി.
കുറച്ചുനേരമാണേലും ഓന്റെ കുസൃതികൾ വല്ലാണ്ട് മനസ്സിനെ ആകർഷിച്ചു. അവന്റെ വേർപാടിൽ വിഷമിച്ചിരുന്നപ്പോഴാണ് അടുത്ത ഒരു മോള് വരുന്നത്. കളിച്ച് ചിരിച്ച് വന്ന അവൾ പെട്ടെന്ന് എന്നെ കണ്ടതും നിശബ്ദയായി. ഓളൊന്ന് ചിരിക്കാൻ ഞാൻ ഒരുപാട് ഗോഷ്ടി കാട്ടി. എന്നിട്ടും നോ രക്ഷ. കുറച്ചൊക്കെ കഴിഞ്ഞപ്പോൾ ഓള് തന്നെ എന്റെ അടുത്തുവന്നു. അൽപം നാണം കുണുങ്ങി എനിക്ക് ഫോട്ടോക്ക് പോസൊക്കെ തന്നു. എന്നാലും ചിരിക്കില്ല എന്ന വാശിയിലാണ് പുളളിക്കാരി. ആ കുഞ്ഞു പുഞ്ചിരി കാണാൻ ഞാൻ പഠിച്ച പണിയൊക്കെക്കാട്ടി, ഒടുക്കം ഓളെന്റെടുത്ത് നിന്നും ഒറ്റയോട്ടം, കൂടെ ഞാനും പോയി. അപ്പോഴതാ അടുത്ത ബോഗിയിൽ കുട്ടിക്കുറുമാനികളുടെ ഒരു അംഗനവാടി. ഓളാകട്ടെ ഞാൻ മൊബൈലിൽ ഫോട്ടോ പകർത്തിയതൊക്കെ തന്റെ സുഹൃത്തുക്കളോട് വല്യ കാര്യം പോലെ വീമ്പു പറഞ്ഞു. ആ പിള്ളാരെ ചാക്കിലാക്കാൻ ഞാൻ അവരുടെ ഫോട്ടോയും എടുത്തു. എന്നാൽ മറ്റു കുട്ടികളെ പേലെ അവർക്ക് ഫോട്ടോ കാണാൻ വല്യ താൽപര്യം ഇല്ലായിരുന്നു. അവരുടെ കൂടെ അൽപസമയം ചിലവഴിച്ച ശേഷം ഞാൻ പഴയതുപോലെ ബോഗികളിൽ ഉലാത്തുവാൻ തുടങ്ങി. ഉലാത്തി ഉലാത്തി എവിടെയോ എത്തിയപ്പോൾ ഞാനാ വല്ല്യ മനുഷ്യനെ കണ്ടു. എന്റെ ഓപ്പോസിറ്റ് ബർത്ത് വാല, ‘ദി ഗ്രേറ്റ് ആർമി മാൻ’ ശിവോം ഭായി. എന്താണിങ്ങനെ മാറിയിരിക്കുന്നതെന്ന് ഞാൻ മൂപ്പരോട് ചോദിച്ചു. അപ്പോൾ തന്റൊരു സുഹൃത്തിനെ പരിചയപ്പെടുത്തി തന്നു. സത്യം പറഞ്ഞാൽ ഞാനൊന്ന് ശശിയായി. പക്ഷേ ഞാൻ പ്രതീക്ഷിച്ച മറുപടികളും അയാൾ കൂട്ടിച്ചേർത്തു. എസ്-10 ഭയങ്കര ക്രൗഡ് ആണ്, ചാർജ്ജ് സോക്കറ്റ് ഇല്ല, അങ്ങനെയങ്ങനെ.
ഞാൻ ഫോൺ അവിടെ ചാർജിനു വച്ചിട്ട് ഡോർ സൈഡിൽ പോയി നിന്നു. ‘വറങ്കൽ സ്റ്റേഷൻ’ കഴിഞ്ഞ് ഇപ്പോൾ എവിടെയോ എത്തി. തെലങ്കാനയുടെ ഭംഗി കാണാനായി പടച്ചവനായിരിക്കും എന്നെ അവിടെ ഇരുത്തിയത്. ഞാൻ അത്ഭുതപ്പെട്ടു പോയി. കഴിഞ്ഞ രണ്ടു മാസമായി എങ്ങും കരിഞ്ഞുണങ്ങിയ മലകളും പാടങ്ങളും പറമ്പുകളും കണ്ടുമരവിച്ച മിഴികളിൽ പച്ചപ്പിന്റെ പൊൻ വസന്തം കോരിച്ചൊരിഞ്ഞതായിരുന്നു തെലങ്കാനയിലെ വറങ്കൽ കാഴ്ച്ചകൾ. കിലോമീറ്ററോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങൾ, കാറ്റത്തു നൃത്തമാടുന്ന പച്ച പുൽമെത്തകൾ ഒരു ഭാഗത്ത്, നീലാകാശം തളർന്നുറങ്ങുമൊരു നിശ്ചല തടാകം മറുഭാഗത്ത്, ആ വസന്തഭൂമിയുടെ ഹൃദയഭാഗത്തെ ഏതോ നാഡിയിലൂടെ ഉരുണ്ടുനീങ്ങുന്ന ‘റപ്തി-സാഗറിലെ’ ഏതോ ഒരു ബോഗിയിൽ ഈ ഞാനും!
തുടരും…….
അല്ലാമ ഇഖ്ബാൽ