അവിനാഷ് അരുണ്‍ സംവിധാനം ചെയ്ത് ജയദീപ് അഹ്‌ലവത്ത്, നീരജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഇന്ത്യന്‍ ഹിന്ദി സീരീസാണ് പാതാൾ ലോക്. ഒരു ക്രൈം ത്രില്ലര്‍ ആയിട്ടാണ് പാതാൾ ലോക് മുന്നോട്ട് പോവുന്നതെങ്കിലും ഡയലോഗുകളും സീനുകളും നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളെ വരച്ചിടുന്നു. ഒരേ സമയം മാധ്യമങ്ങളുടെ സ്വാതന്ത്ര്യ പ്രശ്‌നങ്ങളെയും പോലീസുകാരുടെ നിസ്സഹായതയെയും കാണിക്കുന്ന പാതാള്‍ ലോക് അതോടൊപ്പം മാധ്യമ ഭീകരതയെയും പോലീസ് ഭീകരതയെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെയും നമുക്ക് കാണിച്ചു തരുന്നു.
ഒരു വാര്‍ത്താ അവതാരകനെ ഒരു കൂട്ടം കൊലയാളികള്‍ ലക്ഷ്യം വെക്കുന്നു എന്നാല്‍ കൊലയാളികള്‍ക്ക് മുമ്പേ പോലീസ് അദ്ദേഹത്തെ പിടികൂടുന്നു, തുടര്‍ന്നുള്ള പോലീസ് (ഹതി രാം ചൗധരി) അന്വേഷണം എന്നിങ്ങനെയാണ് കഥ നീങ്ങുന്നത്.
സീരീസ് ആരംഭിക്കുന്നത് പോലീസുകാരുടെ ചില നടപടി ക്രമങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്. അവര്‍ക്കിടയിലുള്ള വിവേചനങ്ങളും അനീതിപരമായിട്ടുള്ള നിലപാടുകളും കാണിക്കുന്നു. തുടര്‍ന്ന് പ്രതികളോടുള്ള പോലീസുകാരുടെ ക്രൂരതയും തങ്ങള്‍ ചോദ്യം ചെയ്യപ്പെടാത്ത വിഭാഗമാണെന്നുള്ള മനോഭാവവും പാതാള്‍ ലോക് ദൃശ്യവല്‍കരിക്കുന്നു.
ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും സഹ പ്രവര്‍ത്തകരാല്‍ അവഹേളിക്കപ്പെടുന്നതും സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂകളില്‍ പോലും തന്റെ അഭിപ്രായം രേഖപ്പടുത്താന്‍ പറ്റാത്തതുമായ ന്യൂനപക്ഷ സമുദായത്തെ ദുരവസഥയെ അന്‍സാരി എന്ന പോലീസുകാരനിലൂടെ കാണാം.
സഞ്ജീവ് മെഹ്‌റ എന്തുകൊണ്ടാണ് കൊലയളികളുടെ ലക്ഷ്യമാക്കപ്പെട്ടത് എന്ന ചോദ്യം മാധ്യമ സ്വാതന്ത്രത്തിന് ഏറ്റ വിള്ളലുകള്‍ക്കെതിരെ വിരൽചൂണ്ടുന്നു. തുടര്‍ന്ന് അദ്ദേഹം നേരിടുന്ന പ്രയാസങ്ങള്‍ മാധ്യമ ഭീകരതയെ കാണിക്കുന്നു.
സമകാലിക ഇന്ത്യന്‍ സങ്കീര്‍ണ്ണതയിലേക്ക് സീരീസ് നീങ്ങുന്നത് പ്രതികളുടെ(വിഷാല്‍ ത്യാഗി, ടോപെ സിംഗ്, കബീര്‍, ചീനി ) ചരിത്രം പറയുന്നതിലൂടെയാണ്.
ടോപെ സിംഗ് ദളിതന്മാരെ പ്രതിനിധീകരിക്കുന്നു. മേലാളന്മാരുടെ അക്രമങ്ങളില്‍ തുടക്കത്തില്‍ മൗനം പാലിക്കുകയും പിന്നീട് ഹിംസാപരമായ മുന്നേറ്റത്തില്‍ ചേരുകയും മൂന്ന് മേലാളന്മാരെ വെട്ടികൊല്ലുകയും ചെയ്യുന്നു. ദളിതര്‍ക്ക് കൃത്യമായ നേതൃത്വമില്ലാത്തതിനേയും അത് കാരണം ദലിത് സമരങ്ങള്‍ കലാപങ്ങളിലേക്ക് വഴിമാറുന്നതിനേയും അത് മുതലെടുക്കുന്ന മേലാളന്മാരെയും പതാല്‍ ലോക് നമുക്ക് കാണിച്ച് തരുന്നു.
കബീറിന്റെ പിതാവിനെയും സഹോദരനെയും ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് കൊല്ലുന്നതിലൂടെ ആള്‍കൂട്ട ഭീകരതെയെയും ബീഫിന്റെ പേരില്‍ മുസ്‌ലിങ്ങളെ കൊല്ലുന്നതിനെയും പാതാള്‍ ലോക് ദൃശ്യവല്‍ക്കരിക്കാന്‍ മടിച്ചിട്ടില്ല.
ചീനിയിലൂടെ സംവിധായകന്‍ പറയുന്നത് മൂന്നാം ലിംഗക്കാരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളുമാണ്. അവര്‍ക്കെതിരെയുള്ള പൊതുബോധം കാരണം അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും അവര്‍ക്ക് കൃത്യമായ ഒരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രയാസങ്ങളും ചീനി നമുക്ക് കാണിച്ച് തരുന്നു.
കൃത്യമായ രക്ഷാകർത്തത്വമില്ലാതെ വളരുന്ന താഴെകിടയിലുള്ളവരുടെ ജീവിതമാണ് ത്യാഗിയിലൂടെ സംവിധായകൻ പറയുന്നത്. അവരുടെ ജീവിതത്തിലെ സങ്കീര്‍ണതകൾ വ്യക്തിയെ എങ്ങനെ രൂപകല്പന ചെയ്യുന്നുവെന്ന് സംവിധായകൻ വ്യക്തമാക്കുന്നു.
മാസ്റ്റര്‍ ജിയിലൂടെ ആള്‍ദൈവ അക്രമങ്ങളും അവരുടെ അഴിമതികളും രാഷ്ട്രീയ അജണ്ടകളും സമൂഹത്തില്‍ അവര്‍ക്കുള്ള സ്വാധീനവും കാണിക്കുന്നു. സത്യാന്വേഷികളായ പോലീസുകാർ അക്രമിക്കപ്പെടുന്ന സീനുകളിൽ സഞ്ജീവ് ഭട്ടിനെ പോലെയുള്ളവരെ ഓർത്തുപോകും. ഇത്തരത്തില്‍ ഓരോ കഥാപാത്രങ്ങളെ ദൃശ്യവല്‍ക്കരിക്കുമ്പോഴും അവരുടെ മേഖലയിലെ നിലവിലെ ഇന്ത്യന്‍ സാഹചര്യം വരച്ചിടാന്‍ സംവിധായകന്‍ അവിനാഷ് അരുണ്‍ ധൈര്യപ്പെട്ടിട്ടുണ്ട്.
2020 May 15 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സീരീസിന് NDTV അഞ്ചിൽ നാലും IMBD 7.8/10 റേറ്റിങ്ങുമാണ് നല്കിയിട്ടുള്ളത്.
മിൻഹാജ് ടി. പി