ജെൻ സി: നവലോക ക്രമവും അതിജീവനത്തിന്റെ വെല്ലുവിളികളും

കെ കെ അൽ അമീൻ 

ആധുനിക ലോകത്ത് 1990-കൾക്കും 2010-നും ഇടയിൽ ജനിച്ച, ‘ജെൻ സി’ (Generation Z) എന്ന് അടയാളപ്പെടുത്തപ്പെട്ട തലമുറ, മാനവചരിത്രത്തിലെ സമാനതകളില്ലാത്ത സാമൂഹിക-സാങ്കേതിക പരിവർത്തനങ്ങളുടെ സാക്ഷികളാണ്. വിജ്ഞാന വിസ്ഫോടനത്തിന്റെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും സന്ധിപ്പിൽ വളർന്ന ഈ തലമുറ, ആഗോളതലത്തിൽ വലിയ പ്രതീക്ഷകൾ ഉണർത്തുന്നതോടൊപ്പം തന്നെ സങ്കീർണ്ണമായ ചില മനോ -സാമൂഹിക ആകുലതകളെയും അഭിമുഖീകരിക്കുന്നുമുണ്ട്.
സാങ്കേതിക പ്രഭാവത്തിലൂടെയും സർഗ്ഗാത്മക സാധ്യതകളിലൂടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അതിപ്രസരം സ്വാഭാവിക ജീവിതത്തിന്റെ ഭാഗമായി മാറിയ ആദ്യ തലമുറയാണിത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ലോകം കൈവരിച്ച വിപ്ലവകരമായ പുരോഗതിയെ തങ്ങളുടെ ദൈനംദിന വ്യവഹാരങ്ങളുമായി സംയോജിപ്പിക്കാൻ ഇവർക്ക് സാധിച്ചു. മുൻതലമുറകൾക്ക് വിവരശേഖരണത്തിനായി വർഷങ്ങളോളം പ്രയത്നിക്കേണ്ടി വന്നിരുന്നിടത്ത്, പരിമിതമായ സമയത്തിനുള്ളിൽ വിജ്ഞാനത്തിന്റെ അപാരമായ സാധ്യതകൾ കീഴടക്കാൻ ഇവർക്ക് കഴിയുന്നു.
ഇന്നത്തെ യുവതലമുറയെ, അഥവാ ‘ജെൻസി’ (Gen Z) വിഭാഗത്തെ ഈ കാലഘട്ടത്തിന്റെ യഥാർത്ഥ പ്രതിനിധികളായി നമുക്ക് അടയാളപ്പെടുത്താൻ സാധിക്കും. പലപ്പോഴും ‘തലതെറിച്ചവർ’ എന്നും, ഗൗരവമില്ലാത്തവരെന്നുംആത്മീയതയോ രാഷ്ട്രീയമോ തൊട്ടുതീണ്ടാത്തവരെന്നും, സാമൂഹിക പ്രശ്നങ്ങളിൽ നിഷ്ക്രിയരെന്നും പറഞ്ഞ് ഈ തലമുറയ്ക്ക് മേൽ നിരവധി മുദ്രകൾ ചാർത്തപ്പെടാറുണ്ട്. എന്നാൽ ഇവർ നിസ്സാരക്കാരല്ല എന്ന യാഥാർത്ഥ്യം പലപ്പോഴും സമകാലിക ലോകം തിരിച്ചറിയാതെ പോകുകയാണ്. ആധുനിക സാങ്കേതിക വിദ്യകളോടും അതിന്റെ നിർമ്മിതികളോടും അങ്ങേയറ്റം ക്രിയാത്മകമായി സംവദിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. സമകാലിക രാഷ്ട്രീയ ഉള്ളടക്കങ്ങളെയും അതിന്റെ ചലനങ്ങളെയും മാറ്റിമറിക്കാൻ പുതുതലമുറയ്ക്ക് സാധിക്കുമെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. മൂലധനശക്തികൾ (Capitalism) ആധിപത്യം പുലർത്തുന്ന അമേരിക്ക പോലുള്ള ഒരു രാജ്യത്ത്, ന്യൂയോർക്കിൽ ഒരു സോഷ്യലിസ്റ്റ് യുവാവ് നഗര അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത് ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ലോകക്രമം മാറുകയാണ് എന്നതിന്റെ സൂചനയാണിത്. അനീതിയിൽ അധിഷ്ഠിതമായ രാഷ്ട്രീയ സാഹചര്യങ്ങളെ മൂർച്ചയുള്ള ചോദ്യങ്ങൾ കൊണ്ട് നേരിടാൻ ഈ തലമുറയ്ക്ക് പ്രത്യേകമായൊരു രാഷ്ട്രീയ പ്രതിനിധാനമുണ്ട്. ഈ സവിശേഷമായ നൈപുണിയും വേഗതയും ഉപയോഗപ്പെടുത്തി ലഹരി ഉപയോഗം പോലുള്ള സാമൂഹിക വിപത്തുകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനും, ജ്ഞാനാധിഷ്ഠിതമായ ഒരു പുതിയ ലോകക്രമത്തിന് നേതൃത്വം നൽകാനും ‘ജെൻ സി’ക്ക് സാധിക്കുമെന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ഡിജിറ്റൽ അടിമത്തവും സാമൂഹിക വിച്ഛേദനവും
ഏതൊരു വിപ്ലവകരമായ മാറ്റത്തിനുമെന്നപോലെ ഈ സാങ്കേതിക വളർച്ചയ്ക്കും പ്രതികൂല വശങ്ങളുണ്ട്. ‘ജെൻ സി’ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഡിജിറ്റൽ സ്ക്രീനുകളുടെ അമിത ഉപയോഗവും അതുണ്ടാക്കുന്ന വിപത്തുകളുമാണ്. പാരമ്പര്യമായി മനുഷ്യർ പുലർത്തിയിരുന്ന ആത്മബന്ധങ്ങളും നേരിട്ടുള്ള വിനിമയങ്ങളും ഇന്ന് വലിയ തോതിൽ അദൃശ്യമായിക്കൊണ്ടിരിക്കുന്നു. മാനുഷികമായ സൗഹൃദങ്ങൾക്കും സംഭാഷണങ്ങൾക്കും പകരം ഡിജിറ്റൽ ഇടങ്ങളെയും കൃത്രിമ വിനിമയങ്ങളെയും ആശ്രയിക്കുന്നത് പുതിയ തലമുറയിൽ ഒറ്റപ്പെടലിന്റെയും വിഷാദത്തിന്റെയും തോത് വർദ്ധിപ്പിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ വൈകാരികമായ പിൻബലമില്ലാതെ പോകുന്നത് ആത്മഹത്യാപരമായ പ്രവണതകളിലേക്ക് പോലും ഇവരെ നയിക്കുന്നു എന്നത് ഗൗരവമായ ഒരു സാമൂഹിക യാഥാർത്ഥ്യമാണ്.
കുടുംബബന്ധങ്ങളുടെ വൈകാരിക സുരക്ഷ, മാതാപിതാക്കളും മക്കളും തമ്മിലുള്ള ദൃഢമായ ആത്മബന്ധം ഏതൊരു വലിയ തെറ്റുകളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാൻ കെല്പുള്ള പ്രതിരോധ കവചമാണ്. സ്നേഹോഷ്മളമായ സംഭാഷണങ്ങളും പരസ്പര വിശ്വാസവും നിലനിൽക്കുന്ന കുടുംബ സാഹചര്യത്തിൽ വളരുന്ന ഒരു കുട്ടി ലഹരി പോലുള്ള വിനാശകരമായ വഴികളിലേക്ക് ആകൃഷ്ടനാകില്ല. ഞാനിനി ലഹരി ഉപയോഗിച്ചാൽ എന്റെ പ്രിയപ്പെട്ട അച്ഛനും, അമ്മയും എത്രമാത്രം വേദനിക്കും എന്ന് ചിന്തിക്കാൻ ഇടയാക്കുന്നു. മക്കളുടെ പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി തിരിച്ചറിയാനും അവരോടൊപ്പം ചേർന്നുനിൽക്കാനും മാതാപിതാക്കൾക്ക് സാധിക്കണം. ഇത്തരം ആത്മബന്ധങ്ങളുടെ വീണ്ടെടുപ്പിലൂടെ മാത്രമേ സുരക്ഷിതമായ ഒരു യുവത്വത്തെ വാർത്തെടുക്കാൻ സാധിക്കൂ.
ജെൻസി: രാഷ്ട്രീയ ബോധവും വ്യക്തിബന്ധങ്ങളിലെ വിള്ളലുകളും
വർത്തമാനകാലത്തെ സത്യങ്ങൾ തിരിച്ചറിയുന്നതോടൊപ്പം തന്നെ നാളെയുടെ യാഥാർത്ഥ്യങ്ങളെയും ഉൾക്കൊള്ളുക എന്നത് ഏതൊരു തലമുറയുടെയും വളർച്ചയ്ക്ക് അനിവാര്യമായ ഒന്നാണ്. എന്നാൽ നിർഭാഗ്യവശാൽ, ഈ പുതിയ തലമുറയുടെ (ജെൻസി) സഞ്ചാരപഥങ്ങളിൽ പലപ്പോഴും അക്രമോത്സുകമായ പ്രവണതകൾ നിഴലിക്കുന്നത് നാം കാണുന്നു. ആശയപരമായ സംവാദങ്ങൾക്കപ്പുറം, നിസ്സാരമായ കാര്യങ്ങളിൽ പോലും പ്രകോപിതരാവുകയും പെട്ടെന്നുള്ള പൊട്ടിത്തെറികളിലേക്ക് മാറുകയും ചെയ്യുന്ന രീതി ഇവരിലുണ്ട്.
തങ്ങളെ ഏറ്റവും അധികം സ്നേഹിക്കുന്ന മാതാപിതാക്കളോടും, ജീവിതാനുഭവങ്ങളിൽ നിന്ന് ഗുണദോഷിക്കുന്ന മുതിർന്നവരോടും, പ്രിയപ്പെട്ടവരോടും ഇവർ പുലർത്തുന്ന ഇടപെടലുകൾ പലപ്പോഴും അങ്ങേയറ്റം പരിതാപകരമാണ്. തങ്ങളുടെ സ്വകാര്യതയിലേക്കോ (Privacy) തീരുമാനങ്ങളിലേക്കോ ഉള്ള കടന്നുകയറ്റമായി എല്ലാ ഉപദേശങ്ങളെയും അവർ തെറ്റായി വ്യാഖ്യാനിക്കുന്നു. വ്യക്തിസ്വാതന്ത്ര്യം എന്ന മഹത്തായ സങ്കൽപ്പത്തെ അച്ചടക്കമില്ലായ്മയായി പലപ്പോഴും അവർ പരിമിതപ്പെടുത്തുന്നു എന്നത് ഗൗരവതരമായ ഒരു വസ്തുതയാണ്. രാഷ്ട്രീയ മണ്ഡലങ്ങളിൽ മൂർച്ചയുള്ള ചോദ്യങ്ങൾ ഉയർത്തുന്ന അതേ നാവുകൾ തന്നെ, വീടിനുള്ളിലും സമൂഹത്തിലും ഹൃദയഭേദകമായ വാക്കുകൾ ഉപയോഗിക്കുന്നത് ഒരു വൈരുദ്ധ്യമാണ്. പുറംലോകത്തെ അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന ഈ യുവത്വം, സ്വന്തം കുടുംബത്തിനകത്തെ സ്നേഹബന്ധങ്ങളുടെ തീവ്രതയും കരുതലും മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നത് ആ തലമുറയുടെ മാത്രമല്ല, ഈ കാലഘട്ടത്തിന്റെ തന്നെ വലിയൊരു നഷ്ടമാണ്. സാമൂഹികമായ രാഷ്ട്രീയ ബോധത്തോടൊപ്പം തന്നെ മാനുഷികമായ സഹാനുഭൂതിയും ക്ഷമയും കൂടി ഇവർക്ക് കൈവരേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ തലമുറയുടെ രാഷ്ട്രീയ ഇടപെടലുകൾ പൂർണ്ണതയിലെത്തുകയുള്ളൂ.
സമാപനം
ആധുനിക ലോകത്തെ ഈ സങ്കീർണ്ണതകളെ കേവലം ഉപരിപ്ലവമായി കാണാതെ, മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസത്തിലൂടെ പരിഹരിക്കാനാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ പുതിയ തലമുറയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ ആയുധം വിവേകപൂർണ്ണമായ അറിവാണ്. വൈകാരികമായ പ്രതികരണങ്ങൾക്കപ്പുറം വൈജ്ഞാനികവും യുക്തിസഹവുമായ സമീപനത്തിലൂടെ പ്രതിസന്ധികളെ നേരിടാൻ അവരെ പ്രാപ്തരാക്കണം. ലോകത്തിന്റെ ഭാവി പ്രതീക്ഷകളായി മാറേണ്ട യുവത്വത്തെ സാംസ്കാരിക ഔന്നത്യമുള്ളവരായി രൂപപ്പെടുത്തുക എന്നത് വർത്തമാനകാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്.

Leave a Reply

Your email address will not be published. Required fields are marked *