നളന്ദയും ബഖ്തിയാർ ഖൽജിയും

ചരിത്രഗവേഷകനും മതതാരതമ്യ ചിന്തകനുമായ ശിഹാബുദ്ദീൻ ആരാമ്പ്രം അദ്ദേഹത്തിൻ്റെ ‘നളന്ദയും ബഖ്തിയാർ ഖൽജിയും ‘ എന്ന പുതിയ പുസ്തകത്തെക്കുറിച്ച് ‘ദി.പിൻ’ നോടു സംസാരിക്കുന്നു:
എഴുതാനുള്ള പശ്ചാത്തലം?
വർത്തമാനകാല ഇന്ത്യയിലെ ഏറ്റവും പ്രധാപ്പെട്ട ചർച്ച മധ്യകാലത്തെ ഇന്ത്യാ ചരിത്രമാണ്. മധ്യകാലത്ത് മുസ്‌ലിം ഭരണാധികാരികളും അവരുടെ സൈന്യവും ക്ഷേത്രങ്ങളും ദേവാലയങ്ങളും തകർത്താണ് പള്ളികൾ നിർമിച്ചത് എന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്. കൊളോണിയൽ കാലം മുതൽ ആ വാദം ആരംഭിച്ചിട്ടുണ്ടെങ്കിലും ബാബരി മസ്ജിദ് വിവാദത്തെ തുടർന്ന് അത് ശക്തിപ്പെട്ടു. 2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികളും സ്മാരകങ്ങളും നിലനിൽപ്പിൻ്റെ ഭീഷണിയിലായി. ആ പശ്ചാത്തലത്തിലാണ് നളന്ദയുടെ തകർച്ചയെ പറ്റിയുള്ള അന്വേഷണം ആരംഭിച്ചത് കാരണം ആ വാദം ഏറ്റവും കൂടുതൽ അടിച്ചേൽപ്പിച്ച പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നായിരുന്നു നളന്ദ സർവ്വകലാശാല. സമാനമായ വാദഗതികൾ ഉയർത്തിയ മറ്റൊന്ന് സോമനാഥ ക്ഷേത്രമായിരുന്നു. അതിനെ പറ്റി പ്രൊഫ. റൊമില ഥാപ്പർ നടത്തിയ പഠനം Somanatha: The Many Voices of a History ഏറെ പ്രസിദ്ധമാണ്. ഗസ്നിയുടെ കൊട്ടാരത്തിലെ പേർഷ്യൻ ചരിത്രകാരൻമാരുടെ വീരവാദങ്ങൾ മാറ്റി നിർത്തിയൽ അവരുടെ അവകാശ വാദങ്ങൾക്ക് അതിൽ എത്രമാത്രം പ്രസക്തിയാണ് ഉള്ളതെന്ന് നിശിതമായി നിരുപണം ചെയ്യുന്ന കൃതിയാണ് അത്. മറ്റൊന്ന് അയോധ്യയെ പറ്റിയുള്ള കെട്ടിച്ചമച്ച കഥകളാണ്. എന്നാൽ അതിലെ വാദഗതി സമീപകാലത്തെ രാഷ്ട്രീയ പ്രോപ്പഖണ്ഡകളായതിനാൽ, കോടതി വ്യവഹാരങ്ങളും അതു സംബന്ധമായ വിശകലനങ്ങളും ഉൾക്കൊള്ളുന്ന രചനകളാണ് പുറത്ത് വന്നത് എന്നാണ് എൻ്റെ അറിവ്. എ. ജി. നൂറാനിയുടെ , The Babri Masjid Question 1528 – 2003 A Matter of National Honour അതിൽ പ്രധാനപ്പെട്ടതാണ്.
നളന്ദ തകർത്തത് ബഖ്തിയാർ ഖൽജിയാണെന്ന പൊതു ബോധത്തിൽ നിന്നാണ് ഞാനും ഈ വിക്ഷയത്തെ സമീപിക്കുന്നത്. അപ്പോൾ, അവിടത്തെ പൂർവ്വ വിദ്ധ്യാർഥികളോ അധ്യാപകരോ അതിനെ പറ്റി രേഖപ്പെടുത്തിയിരിക്കും. അതിലെ വിവരങ്ങൾ എന്ത് എന്ന അന്വേഷണമായിരുന്നു എൻ്റേത്. അപ്പോഴാണ് അവരാരും അത്തരം ഒരു വാദം ഉയർത്തിയിട്ടില്ല എന്ന് ബോധ്യപ്പെട്ടത്. നളന്ദ സർവ്വകലാ ശാല തകർത്തത് ബഖ്തിയാർ ഖൽജിയാണെന്ന് രേഖപ്പെടുത്തിയത് ത്വബഖാനെ നാസ്വരിയിൽ ആണെന്നാണ് വിമർശകരുടെ രണ്ടാമത്തെ വാദം. എന്നാൽ ത്വബഖാതെ നാസ്വിരിയിൽ ഒരിടത്തും നളന്ദയെ പരാമർശിച്ചിട്ടില്ല. പിന്നെ എങ്ങിനെയാണ് ആ വാദം ഉയർന്നത് എന്ന അന്വേഷണമായി. അപ്പോഴാണ് കൊളോണിയൽ ചരിത്ര രചനയുടെ യഥാർഥ മുഖം തിരിച്ചറിഞ്ഞത്. അതെല്ലാം പുസ്തകത്തിൽ വിശദീകരിച്ചതിനാൽ ആവർത്തിക്കുന്നില്ല.
ഉള്ളടക്കത്തെക്കുറിച്ച്?
നളന്ദയുടെ തകർച്ചയെ പറ്റിയുള്ള കൊളോണിയൽ വാദങ്ങൾ, ബുദ്ധമത രേഖകളുടെയും ചരിത്ര വസ്തുതകളുടെയും അടിസ്ഥാനത്തിൽ പരിശോധിച്ചിട്ടുണ്ട്. ത്വബഖാതെ നാസ്വരി, സമകാലിക ബുദ്ധമത രേഖകൾ , നളന്ദയിലെ ഗ്രന്ഥപ്പുരകൾ അഗ്നിക്ക് ഇരയാക്കപ്പെട്ടുവോ, ഇന്ത്യയുടെ ചരിത്രവും ആദ്യകാല തുരുക്കരും , ആദ്യകാല തുരുഷ്കർ തകർത്ത ബുദ്ധ വിഹാരങ്ങൾ, ബുദ്ധമതത്തിൻ്റെ തകർച്ച കേരളത്തിൽ തുടങ്ങിയ വിഷയങ്ങൾ അപഗ്രഥിച്ചിരിക്കുന്നു. നളന്ദയുമായി ബന്ധപ്പെട്ട മിഥ്യാധാരണകളിൽ നിന്ന് വായനക്കാരെ ഒരു പുനരാലോചനക്ക് വിധേയമാക്കാൻ ഈ ഗ്രന്ഥം പ്രേരിപ്പിക്കും എന്നാണ് എൻ്റെ ഉത്തമ ബോധ്യം. അതിന് സഹായകമായ വിധത്തിൽ തെളിവുകൾ നിരത്തി രചന കുറ്റമറ്റതാക്കാൻ ശ്രമിച്ചിട്ടുണ്ട്. നമ്മുടെ ചരിത്രത്തിലെ ഏറെ വിവാദം സൃഷ്ടിച്ചതും ഇരുളടഞ്ഞതുമായ ഒരു അധ്യായമാണ് അഴിച്ചു പണിയാൻ ശ്രമിച്ചത്.
സമൂഹത്തോട് പറയാനുള്ള പ്രധാന സന്ദേശം?
ബഖ്തിയാർ ഖൽജി നളന്ദ സർവ്വകലാശാല തകർത്ത് അവിടത്തെ ഗ്രന്ഥശാലകൾ അഗ്നിക്ക് ഇരയാക്കി എന്ന വാദം തീർത്തും തെറ്റാണെന്ന് ബോധ്യപ്പെട്ടതിൻ്റെ ഫലമാണ് ഈ രചന. പിന്നെ അവിടെ എന്താണ് നടന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല, ഇതുപോലെ മധ്യകാല ഇന്ത്യയിൽ നടന്നിട്ടുണ്ടെന്ന് വാദിക്കുന്ന പല സംഭവങ്ങളും തെറ്റാണെന്നും ഇതിലെ വാദങ്ങളും നിഗമനങ്ങളും വായനക്കാരുമായി സംവദിക്കുന്നു. നളന്ദയും ബഖ്തിയാർ ഖൽജിയും എന്ന ഈ കൃതി മുന്നോട്ട് വെക്കുന്ന പ്രധാന ആശയം ബുദ്ധ മതത്തിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട കൊളോണിയൽ വാദങ്ങളുടെ നിരർത്ഥഗതയാണ്. അവരുടെ തെറ്റായ പ്രചാരണങ്ങൾ അതേവിധം ആവർത്തിക്കുകയാണ് ഒരു വിഭാഗം ചരിത്രകാരന്മാർ.
ബഖ്തിയാർ ഖൽജി നളന്ദ അക്രമിച്ച് കൂട്ടക്കൊലകൾ നടത്തുകയും ഗ്രന്ഥശാലകൾ ചുട്ട് കരിക്കുകയും ചെയ്തതിനാലാണ് ബുദ്ധമതം ഇന്ത്യയിൽ തകർന്നത് എന്നാണ് അവർ വാദിക്കുന്നത്. എന്നാൽ അന്ന് അവിടെ നടന്നതിനെ പറ്റി ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ വസ്തു നിഷ്ഠമായ ഒരു അന്വേഷണമാണ് ഈ കൃതിയിൽ നടത്തിയിട്ടുള്ളത്. പല സംഭവങ്ങളിലും എന്ന പോലെ കൊളോണിയൽ കെട്ട് കഥകൾക്ക് അപ്പുറം അത്തരം വാദങ്ങൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്ന് കണ്ടെത്താൻ കഴിഞ്ഞു. അതും ബുദ്ധമത രേഖകളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ. മാത്രവുമല്ല, ആ സംഭവത്തിന് ശേഷവും തിബറ്റിൽ നിന്ന് പോലും അവിടെ പഠിക്കാൻ വിദ്യാർത്ഥികൾ എത്തിയിരുന്നു. അതിൽ നിന്നു തന്നെ തളന്ദയുടെ പേരിൽ നടക്കുന്നത് കള്ള പ്രചാരണം ആണെന്ന് മനസ്സിലാക്കാം. മാത്രവുമല്ല, അവരിൽ ചിലരുടെ ആത്മകഥകളിൽ ഒരിടത്തും ബഖ്തിയാർ ഖൽജിയുടെ ആക്രമണം കടന്ന് വരുന്നുമില്ല. അതെല്ലാം സൂചിപ്പിക്കുന്നത് കൊളോണിയൽ നിർമിതികളുടെ പൊള്ളത്തരങ്ങളാണെന്ന് നിസ്സംശയം പറയാം. അപ്പോൾ പിന്നെ ബുദ്ധമതം എങ്ങിനെയാണ് ഇന്ത്യയിൽ നിന്ന് ഇല്ലാതായത് എന്ന ചോദ്യം ഉത്ഭവിക്കുന്നു. അതിനെ പറ്റിയും അന്വേഷിച്ചിട്ടുണ്ട്.
യതാർഥത്തിൽ മധ്യകാല ഇന്ത്യാ ചരിത്രത്തിലെ വിവാദമായ ഒരു അധ്യായമാണ് ഈ കൃതിയിൽ പഠനവിധേയമാക്കിയത്. വർത്തമാനകാല ഇന്ത്യയിലെ മധ്യകാലനാർമിതികൾവിവാദമയി മാറിയതിൻ്റെ പിന്നാമ്പുറ കഥകളുടെ മാതൃക കൂടിയാണ് ഇതെന്ന് കാണാം. വർത്തമാന കാലത്ത് മഥുര, കാശി, സംബൽ മസ്ജിദുകൾ കൂടി വിവാദമാക്കിയ പശ്ചാത്തലത്തിൽ അവരുടെ പൊള്ളത്തരം കൂടി തുറന്ന് കാട്ടാൻ ഇത്തരം പഠനങ്ങൾ സഹായകമാണ്. ഇന്ത്യാ ചരിത്രവുമായി ബന്ധപ്പെട്ട് രചിച്ച മിക്ക കൃതികളിലും നളന്ദ തകർത്തത് ബഖ്തിയാർ ഖൽജിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ബുദ്ധമതത്തിൻ്റെ തകർച്ചയുമായി ബന്ധപ്പെട്ട രചനകളിലും അതേ വാദമുഖങ്ങൾ തന്നെയാണ് ഉള്ളത്. അതിൽ നിന്ന് ഭിന്നമായ രചനകൾ ഈയുള്ളവൻ്റെ അറിവിൽ ഇല്ല. അത് കൊണ്ടാണ് ഇത്തരം ഒരു രചനക്ക് മുതിർന്നത്. ഈ കൃതിക്ക് പഠനാർഹമായ അവതാരിക എഴുതിത്തന്നത് കണ്ണൂർ യൂനിവേഴ്സിറ്റിയിലെ അസിസ്റ്റൻ്റ് പ്രഫസറും പ്രമുഖ ചരിത്രകാരിയുമായ ഡോ. മാളവിക ബിന്നിയാണ്. അവരോടുള്ള എൻ്റെ കടപ്പാടും നന്ദിയും കൂടി ഇവിടെ രേഖപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *